Sunday, January 23, 2011

സ്നേഹജ്വാല

പ്രിയ സുഹൃത്തേ,
മുഖവുരയില്ലാതെ തന്നെ ചോദിച്ചോട്ടെ… സുഖലോലുപതയിൽ മുഴുകി ജീവിതം അർമ്മാദിക്കുന്ന, സഹജീവികളുടെ പ്രശ്നങ്ങൾ കാണുമ്പോഴേ ഇറിറ്റേറ്റഡ് ആവുന്ന, ഇതൊക്കെ തങ്ങളെ ലവലേശം ബാധിക്കാത്ത WTF വിഷയങ്ങൾ ആണെന്ന് കരുതുന്ന ഒരു വ്യക്തി ആണോ താങ്കൾ? എങ്കിൽ വെറുതേ താഴേക്ക് വായിച്ച് സമയം കളയാതെ ഈ ലേഖനം സിമ്പ്ലി സ്കിപ്പ് ചെയ്ത് കളയൂ… ഒരുപക്ഷേ ഈ അഞ്ചുമിനിറ്റുകൊണ്ട് താങ്കൾക്ക് ഫാംവില്ലയിൽ രണ്ട് തെങ്ങിൻതൈ കൂടുതൽ വയ്ക്കാൻ കഴിഞ്ഞേക്കും.

ഇനി വിഷയത്തിലേക്ക് കടക്കട്ടെ, നമുക്കുചുറ്റും ഇനിയും വറ്റാത്ത നന്മയുടെ കണികകൾ ബാക്കിയുണ്ടെന്നോർമ്മപ്പെടുത്തിക്കൊണ്ട് നിശ്ശബ്ദമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒപ്പം അവർ മുന്നോട്ട് നയിക്കുന്ന മഹത്തായൊരു പ്രസ്ഥാനവും.  

മാതാപിതാക്കളാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട്, ശാരീരികവും മാനസികവുമായി തളർന്ന്, രോഗത്താലും ദാരിദ്ര്യത്താലും വലയുന്ന, അന്തിയുറങ്ങുവാൻ ഇടമില്ലാത്ത, സമൂഹം ഭൃഷ്ട് കൽപ്പിച്ച നമ്മുടെ സഹജീവികൾക്ക് ഒരു അഭയസ്ഥാനം. അതാണ് പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന “സ്നേഹജ്വാല” എന്ന സംഘടന. സമൂഹം ഭാരമായി കാണുന്ന അവശ സഹോദരങ്ങളെ സ്വന്തമെന്നോണം സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും സന്നദ്ധരായ ചെറിയൊരുകൂട്ടം മനുഷ്യരാണ് സ്നേഹജ്വാല പ്രവർത്തകർ. 

സ്നേഹജ്വാലയുടെ പ്രവർത്തനങ്ങളിലേക്ക് പോവുംന്നതിനു മുൻപ് ഈ കൂട്ടായ്മയുടെ നട്ടെല്ലായ തങ്കച്ചൻ ചേട്ടനെ പരിചയപ്പെടാം… കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ സാമാന്യം നല്ലരീതിയിൽ കൃഷിയും മറ്റുമ്മായി കഴിഞ്ഞ തങ്കച്ചൻ പതിനഞ്ച് വർഷങൾക്ക് മുമ്പ്  “കഞ്ചിക്കോട് – മാടക്കത്തറ വൈദ്യുത പദ്ധതി” യുമായി ബന്ധപ്പെട്ട ടവർലൈൻ കോണ്ട്രാക്ടറായാണ് പാലക്കാട് ജില്ലയിലെത്തുന്നത്. പാലക്കാട് ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ നരകയാതനയനുഭവിക്കുന്ന രോഗികളുടെ ദുരിതകഥ അവിടത്തെ നഴസായ സിസ്റ്റർ റോസിലിയിൽ നിന്നും യാദൃശ്ചികമായി കേൾക്കാനിടയായ തങ്കപ്പൻ ചേട്ടൻ ഇത്തരക്കാരെ സഹായിക്കാനായി മുന്നോട്ടുവരുകയും, കുറഞ്ഞ കാലത്തിനുള്ളിൽ സ്നേഹജ്വാല കൂട്ടായ്മയ്ക്ക് തുടക്കമിടുകയുമുണ്ടായി. എന്നും പുലർച്ചെ മൂന്നുമണിയോടെ ആരംഭിച്ച് അർദ്ധരാത്രിയോടെ അവസാനിക്കുന്ന തങ്കച്ചൻ ചേട്ടന്റെ ദൈനംദിനചര്യകളിൽ നാൽപ്പതോളം അവശവൃദ്ധരുടെ പരിചരണവും, ഇരുനൂറിലധികം പേർക്ക് ഭക്ഷണവിതരണവും അടക്കം ഒരുപാടു ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അഗതികളും നിരാലംബരുമായ ഇരുനൂറോളം രോഗികൾക്ക് കഴിഞ്ഞ പതിമൂന്നുവർഷത്തോളമായി സ്നേഹജ്വാല പ്രവർത്തകർ എല്ലാ ദിവസവും ഒരു നേരത്തെ ഭക്ഷണം നൽകിവരുന്നു. 

മാരകമായ രോഗങ്ങളാലോ, റോഡപകടങ്ങളാലോ ജില്ലാ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് വിദഗ്ദചികിത്സ ആവശ്യം വരുമ്പോൾ മെഡിക്കൽ കോളേജിൽ എത്തിക്കാനുള്ള സഹായങ്ങൾ ചെയ്യുക, മാനസിക രോഗികളായി തെരുവിൽ കഴിയുന്ന അനാഥരായ സഹോദരങ്ങളെ വിവിധ സ്ഥാപനങ്ങളിൽ എത്തിക്കുക, അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ ഏറ്റെടുത്തു വിവിധ ഗവണ്മെന്റ് ഏജൻസികളെ ഏൽപ്പിക്കുക. HIV ബാധിതരായ സ്വന്തക്കാർ ഉപേക്ഷിച്ച സഹോദരങ്ങളെ അവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങളിൽ എത്തിക്കുക. രക്തം വേണ്ടിവരുന്ന പാവപ്പെട്ട രോഗികൾക്ക് രക്തം എത്തിച്ചുകൊടുക്കുക, മരുന്ന് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് മരുന്ന വാങ്ങാനും മറ്റും സഹായിക്കുക. ജില്ലാ ആശുപത്രിയിൽ ഡിസ്ചാർജ്ജ് ചെയ്യുന്ന അനാഥ രോഗികളെ വിവിധ അനാഥ മന്ദിരങ്ങളിൽ എത്തിക്കുക തുടങ്ങിയവ സ്നേഹജ്വാല പ്രവർത്തകർ ചെയ്യുന്ന നിശ്ശബ്ദസേവനങ്ങളിൽ ചിലതു മാത്രം. 

ഇതിനെല്ലാം പുറമേ, വഴിയോരങ്ങളിലും ആശുപത്രികളിലും കണ്ടുമുട്ടുന്ന അനാഥരായ സ്ത്രീകളേയും, പുരുഷന്മാരേയും താമസിപ്പിച്ച്, മനുഷ്യരെപ്പോലെ അവർക്ക് ജീവിക്കുവാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പാലക്കാട് ജില്ലയിലെ പടലിക്കാട് രണ്ടായിരത്തിരണ്ട് ആഗസ്റ്റ് പതിനഞ്ചാം തീയതി സ്നേഹജ്വാലഭവനം എന്ന അവശമന്ദിരത്തിന് ഇവർ രൂപം നൽകി. മാനസികവും ശാരീരികവുമായ രോഗാവസ്ഥയിലുള്ള നാൽപ്പതിലധികം അന്തേവാസികൾക്ക് കഴിഞ്ഞ എട്ടുവർഷമായി  ഭക്ഷണം, വസ്ത്രം, ചികിത്സ, എന്നീ പ്രാഥമികാവശ്യങ്ങൾ ഇവിടെ നിറവേറ്റിക്കൊടുക്കപ്പെടുന്നു. 

ഇതുവായിക്കുന്ന സുഹൃത്തുക്കളോട് ഒരപേക്ഷയുണ്ട്. ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ആഡംബരത്തിനായി പൊടിച്ചുകളയുന്ന പണത്തിന്റെ ചെറിയൊരംശം കൊണ്ട് സ്നേഹജ്വാലാഭവനത്തിലെ അന്തേവാസികൾക്കെല്ലാവർക്കും ഒരു ദിവസം പട്ടിണിയില്ലാതെ കഴിയാം. ഈ നന്മയുടെ കൂട്ടായ്മയ്ക്ക് മുന്നോട്ടുപോവാൻ നമ്മളേവരുടേയും വിലയേറിയ സഹായം ആവശ്യമാണ്. ഈ മഹത്തായ സംരംഭത്തിൽ നമുക്ക് ഒന്നുചേർന്ന് പ്രതീക്ഷയോടെ നമ്മെ ഉറ്റുനോക്കുന്ന സഹോദരങ്ങളിലേക്ക് കടന്നുചെല്ലാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന പ്രോത്സാഹനവും, സാമ്പത്തിക സഹായവുമാണ് നാളിതുവരെയുള്ള സ്നേഹജ്വാലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തായത്. 

സ്നേഹജ്വാലയിലെ സഹോരരങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണത്തിനായി 1500 രൂപയോളം വേണ്ടി വരുന്നു. ജില്ലാ ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനായി അത്രത്തോളം രൂപ പിന്നെയും വേണം. മരുന്നിനും മറ്റു ചിലവുകളുക്കും വേണ്ടി വരുന്ന പണം ഇതിനു പുറമേയാണ്. ഒരു ദിവസത്തെയെങ്കിലും ചിലവിനുള്ള തുക നമുക്ക് മുഴുവനായോ ഭാഗികമായോ ഏറ്റെടുക്കാനായാൽ അതൊരു വലിയ കാര്യമാണ്. നമ്മുടെ ജീവിതത്തിലെ വിജയങ്ങളിലോ, അതല്ലെങ്കിൽ ജന്മദിനം, വിവാഹം, വിവാഹവാർഷികം, പ്രിയപ്പെട്ടവരുടെ മരണ വാർഷികം തുടങ്ങീയ വേളകളിലോ നമുക്കിവരെക്കൂടി ഓർക്കാം. തീർച്ചയായും നിങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രാർഥിക്കുന്നവരിൽ സ്നേഹജ്വാലയിലെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒപ്പം ഒരു കൂട്ടം പാവപ്പെട്ട രോഗികളും ഉണ്ടാവും. 

സ്നേഹജ്വാല സർവ്വീസ് സൊസൈറ്റി
(റജിസ്റ്റർ നമ്പർ : PKD-CA-395/98)
പടലിക്കാട്. പി.ഒ. കൊട്ടേക്കാട്, പാലക്കാട്. 678732
ഫോൺ : 0491 – 2528982
മൊബൈൽ : 9387625289
ബാങ്ക് അക്കൌണ്ട് നമ്പർ : 57028786895 (State Bank of Travencore Palakkad branch (70177), IFSC code : SBTR0000177)


ഈ കൂട്ടായ്മയെപ്പറ്റി ദയവായി താങ്കളുടെ സുഹൃത്തുക്കളേയും അറിയിക്കൂ… സ്നേഹജ്വാലയുമായി ബന്ധപ്പെട്ട ഏതു സഹായത്തിനും താങ്കൾക്ക് മുകളിൽ നൽകിയ നമ്പറിനു പുറേമേ എന്നെയോ മുള്ളൂക്കാരനെയോ ഏതു സമയത്തും ബന്ധപ്പെടാവുന്നതാണ്. (ഹബീബ് : 9847104054, ഷാജി മുള്ളൂക്കാരൻ : 9946666267)

6 comments:

 1. ഫാം വില്ലെ...ഞാന്‍ കളിക്കുന്നുണ്ട്, അതിനേക്കാളേറെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു...ഇനി നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഞാന്‍ സഹായിക്കും തീര്‍ച്ച..

  ReplyDelete
 2. all the best to his efforts.Keeping
  the contact details and shall do the
  possible from my side.

  ReplyDelete
 3. തങ്കച്ചൻ ചേട്ടനെപ്പറ്റി ടീവിൽ കണ്ടിട്ടുണ്ട്. നേരിട്ട് ഒരിക്കൽ കാണണമെന്നും സംസാരിക്കണം എന്നും തോന്നിയിട്ടുണ്ട്. ഇത്രയും എനർജി ഒരാൾക്ക് എവിടന്നാണ് കിട്ടുന്നത് എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെ. ഈ പോസ്റ്റ് ഒരു സ്നേഹജ്വാലയായിത്തന്നെ പടർന്ന് പിടിക്കട്ടെ.

  ReplyDelete
 4. സ്നേഹജ്വാല സർവ്വീസ് സൊസൈറ്റിയെ പറ്റി എഴുതി അറിയിച്ചതിനു നന്ദി.
  മനസ്സില്‍ നന്മ വറ്റാത്ത തങ്കച്ചനെ പോലെയുള്ളവരെ ഏത് വാക്കുകള്‍ കൊണ്ടാണ് ആദരിക്കുക.ഈശ്വരന്‍ ആയുരാരോഗ്യം നല്കി അനുഗ്രഹിക്കട്ടെ.

  ReplyDelete
 5. can you get me an english version of this malayalam traslated article. That will help me circulate this article with my friends/colleagues here in US. I am visiting India this April & planning to come to snehajwala that time. Last year i came with my dad & brother & thats how i came to know about this great place & Mr. Thankachan. Pls email me the english versionof this article to manojpnin@gmail.com.

  ReplyDelete
 6. Habeeb thanks for this post and all the best for this effort.

  ReplyDelete

Copyright © All Rights Reserved